പോസ്റ്റുകള്‍

കൊച്ചുമോന്റെ പ്രോഗ്രസ് കാര്‍ഡ്,(വിദ്യാരംഗംബ്ലോഗില്‍ പ്രസിദ്ധികരിച്ചത്)മനുഷ്യന്‍ കാര്‍ഡുകളാല്‍ ബന്ധിതനാണെന്ന് പണ്ടേതോ പാവപ്പെട്ടവന്‍ പ്രസ്താവിച്ചതോര്‍ക്കുന്നു.റേഷന്‍ കര്‍ഡ്,തിരിച്ചറിയല്‍കാര്‍ഡ്,പാന്‍ കാര്‍ഡ് ഇത്യാദി നിരവധി കാര്‍ഡുകള്‍ ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും നമ്മുടെ അസ്തിത്വമുറപ്പിച്ചങ്ങനെ നിലകൊള്ളുന്നുണ്ട്.പലതരം കാര്‍ഡുകള്‍ ആവിര്‍ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയില്‍ ..സമീപകാലത്ത് ഒരു കാര്‍ഡ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ നിന്നും പതിയെ പടിയിറങ്ങിപ്പോയിട്ടുണ്ട്.യെവനാണ് സാക്ഷാല്‍ പ്രോഗ്രസ് കാര്‍ഡ്.ഓരോ ടേമാന്ത്യത്തിലും മാര്‍ക്കറിയിച്ചുകൊണ്ട് അടികൊള്ളിക്കാനാ- യി അവതാരം നടത്തിയിരുന്ന ഈ കാര്‍ഡിന്റെ പിടിയില്‍ നിന്നും നമ്മുടെ കുട്ടികള്‍ സ്വതന്ത്രരായി, പകരം ഉജാലമുക്കിയ മെമ്മറികാര്‍ഡുകളൊക്കെ ചില വിരുതന്‍മാരുടെ കീശകളില്‍ ഇടംപിടിച്ചുതുടങ്ങി...."കാര്‍ഡാഹിനാ...പരിഗ്രസ്തമാം ലോകവും ആലോലചേതസാ...”എന്ന് ഭാഷേടച്ഛനെപ്പോലെ പാടുക തന്നെ. ഈയുള്ളവന്റെ ജീവിതെത്തയാകെ മാറ്റിമറിച്ചത് ഒരു പ്രോഗ്രസ് കാര്‍ഡാണ്. ഞങ്ങള്‍ ,പണ്ട് തോപ്രാംകുടി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത് രണ്ടക്കസംഖ്യ ഞങ്ങളുടെ പ്രോഗ്രസ് കാര്‍ഡില്‍ സാധാരണ ഇടം പിടിച്ചിരുന്നില്ല.തിരുവനന്തപുര- ത്തുനിന്ന് വല്ലപ്പോഴും വന്നുപോയിക്കൊണ്ടിരുന്ന ക്ലാസ്ടീച്ചര്‍ സര്‍വ്വശ്രീ കരുണാകരന്‍ സാര്‍ ഈ കാര്‍ഡിന്റെ ക്രയവിക്രയങ്ങളില്‍ അത്ര കാര്‍ക്കശ്യം കാണിക്കാത്ത ഒരു മാന്യ ദേഹമായിരുന്നു.ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന ടി.ദേഹം തിരുവനന്തപുരത്ത് ഒരു ജവുളി ക്കടയും മറ്റും നടത്തിയിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.എന്തായാലും അപ്പന്റെ ഒപ്പിട്ടു പഠിക്കാനുള്ള ഒരു സാധനമെന്ന നിലയിലെ അന്നതിനെ ഞങ്ങള്‍ കണ്ടിരുന്നുള്ളു.ഏകദേശം എട്ടുമൈല്‍ നടന്ന് തോപ്രാംകുടി സ്കൂളിലേയ്ക്കുള്ള സംഭവബഹുലമായദൈനംദിന യാത്രയില്‍-സ്ഥിരം വിശ്രമകേന്ദ്ര മായ തവളപ്പാറയില്‍ വച്ചാണ് പ്രോഗ്രസ് കാര്‍ഡ് വിലയിരുത്തലും ഒപ്പിക്കല്‍ കര്‍മ്മവും നിര്‍വ്വഹിക്കാറുള്ളത്.ഞങ്ങളുടെ വാനരസംഘത്തിലെ എറ്റവും ധീരനായ തൊരപ്പന്‍ ടോമിയാണ് ഒപ്പിടല്‍ വിദഗ്ധന്‍.അദ്ദേഹം തന്റെ സ്വന്തം പിതാവിന്റെ ബീഡിപ്പെട്ടിയില്‍ നിന്നും അപഹരിച്ച തെറുപ്പു്ബീഡി വലിച്ച് ഒന്നു ചുമച്ചുകൊണ്ട് കാര്‍ഡുകളില്‍ തുല്യം ചാര്‍ത്തുന്ന രംഗം വല്ലപ്പോഴുമൊക്കെ ഒരു നൊസ്റ്റാള്‍ജിയ ആയി എന്നില്‍ നിറയാറുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം മുജ്ജന്മ സുകൃതമോ കുട്ടികളുടെ സുകൃതക്ഷയമോ ജീവിതോപായത്തിനായി തെരഞ്ഞെടുത്തത് ഗുരുവേഷമാണ്.അധ്യാപകനായുള്ള ആദ്യാനുഭവം ഒരു മാനേജുമെന്റുസ്കൂളിന്റെ എട്ടാംക്ലാസിലാണ്.ടോട്ടോച്ചാനൊക്കെ വായിച്ച് ത്രില്ലടിച്ചു നില്‍ക്കുന്ന കാലം. അന്ന് നമ്മുടെ പൗലോ ഫ്രെയിലറെപ്പറ്റിയൊന്നും കേട്ടുതുടങ്ങീട്ടില്ല.കരുണാകരന്‍ സാറിനെ റോള്‍ മോഡലായി സ്വീകരിക്കാത്തതുകൊണ്ട് എന്നും ക്ലാസ്സില്‍ ഹാജരാണ്.കുട്ടികളെയൊക്കെ ഒരു നിലയിലെത്തിക്കാനുറച്ചു തന്നെയാണ് നീക്കം.അങ്ങനെ ഓണപ്പരീക്ഷ കഴിഞ്ഞു.ക്ലാസിലെ നാല്‍പത്തിയാറു കുട്ടികള്‍ക്കുമുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ കുറച്ചു പാടുപെട്ട് മനോഹരമായ കൈപ്പട യില്‍ തന്നെ തയ്യാറാക്കി.തോറ്റ വിഷയങ്ങളുടെ അടിയില്‍ 'റെഡ് ഇങ്ക്''ഉപയോഗിച്ച് കലാപരമായി തന്നെ വരയൊക്കെ പൂശി.കൂടാതെ-തൃപ്തികരം,സാമാന്യം തൃപ്തികരം,വളരെ മോശം തുടങ്ങിയ പരമ്പരാഗത ലേബലുകള്‍ ഓരോരുത്തന്റെയും വിധിയനുസരിച്ച് ആലേഖനം ചെയ്തു.ഇതിനുവേണ്ടി പുതിയൊരു പേന വാങ്ങിക്കാന്‍ പോലും ഞാന്‍ മടിച്ചില്ല. പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ തിരികെ വാങ്ങുന്ന ദിനമെത്തി.തനിയെ ഒപ്പിട്ടവനെയൊക്കെ മനസിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല.കാരണം കള്ളന് ബിരിയാണിയു ണ്ടാക്കി കൊടുത്തിട്ടള്ളവനാണല്ലോ ഈ ഞാന്‍.അവസാനം കാര്‍ഡുമായെത്തിയത് കൊച്ചുമോന്‍ ജോസഫെന്ന പയ്യനാണ്.പുഴുപ്പല്ലുകാട്ടി ചിരിക്കുന്ന ഗ്രഹണിയുടെ അസുഖമുള്ള കൊച്ചുമോനോട് എനിക്കെന്തോ വലിയ വാല്‍സല്യമാണ്.പണ്ട് വിപ്ലവത്തിന്റെ അസുഖം ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം അവന്റെ ചിരി കാണുമ്പോള്‍ എന്റെ പഴേ ആചാര്യനെ എനിക്കോര്‍മ്മ വരും പക്ഷേ അവന്‍ കൊണ്ടുവന്ന കാര്‍ഡുകണ്ട് ഞാന്‍ ഞെട്ടി.കണക്ക്,ഫിസിക്സ്,ഇംഗ്ളീഷ് തുടങ്ങിയവയുടെ മാര്‍ക്കെഴുതിയിരുന്ന സ്ഥലത്ത് ഓരോ ദ്വാരങ്ങള്‍ മാത്രം.ടി.വിഷയങ്ങള്‍ക്ക് മേപ്പടിയാന്‍ ചെമന്ന അടിവരയിട്ട മനോഹരമായ മുട്ടയാണ് കരസ്ഥമാക്കിയിരുന്നത്.തല്പരകക്ഷി ചെമന്ന വരയും പൂജ്യവും ബ്ലേഡിനാല്‍ ചുരണ്ടിമാറ്റി മറ്റൊരു മാര്‍ക്കെഴുതി വീട്ടില്‍ കാണിച്ചിട്ട്, വീണ്ടും ചുരണ്ടി മുട്ട പുനസ്ഥാപിക്കാനുള്ള മായ്ക്കല്‍ശ്രമത്തിനിടെയാണ് കാര്‍ഡില്‍ തുളകള്‍ വീണത്. ദ്വാരാലംകൃതമായ ആ കാര്‍ഡും കൊച്ചുമോനും ഹെഡ് മാഷിന്റെ സമക്ഷം ഹാജരാക്കപ്പെട്ടു.അദ്ദേഹ ത്തിന്റെ നിര്‍ദേശപ്രകാരം ,'അപ്പനെ വിളിച്ചോണ്ടു ഇനി ക്ലാസില്‍ വന്നാല്‍മതി"എന്ന കഠിനശിക്ഷ വിധിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. പിറ്റെ ദിവസം കൊച്ചുമോനെ ക്ലാസില്‍ കണ്ടില്ല.മൂന്നാമത്തെ ബഞ്ചില്‍ ഭിത്തിയുടെ സൈഡില്‍ തലതാഴ്ത്തിയിരിക്കാറുള്ള കൊച്ചുമോനെ കാണാത്തതില്‍ അസ്വസ്ഥനായ ഞാന്‍ ഹെഡ്മാസ്റ്ററുടെ മുന്നിലെത്തി.കാര്യങ്ങള്‍ "സ് ട്രിക്റ്റായി" കാണുന്ന അദ്ദേഹം അരകല്ലിനു കാറ്റുപിടിച്ചപോലെ നിലകൊള്ളുകയാണ്. ഉച്ചകഴിഞ്ഞ ഇന്റര്‍വെല്‍ സമയം "ആരാടാ എട്ട് ഇ-യിലെ ക്ലാസ് സാര്‍ "എന്ന അലര്‍ച്ചയോടെ രൗദ്രഭാവം പൂണ്ട ഒരു സ്ത്രീ സ്റ്റാഫ് റൂമിലേയ്ക്കു കയറിവന്നു."ദാ ഇരി ക്കുന്നു വില്‍സണ്‍മാഷ് "സരളഹൃദയായ ഓമന ടീച്ചര്‍ എന്നെ ഒറ്റിക്കൊടുത്തതും അവര്‍ എന്റെ മുന്നില്‍ വന്ന്-"നീ മുടിഞ്ഞുപോകുമെടാ സാറെ" എന്ന് ഒരു കിടിലന്‍ കോംപ്ലിമെന്റ് എനിക്കു തന്നു.മോങ്ങാനിരുന്ന സാറിന്റെ തലേല്‍ വരിക്കച്ചക്ക വീണെന്നു പറഞ്ഞതുപോലെ ഞനൊന്നു ഞരങ്ങി.ആരാണാവോ ഈ അഭിനവ കണ്ണകി..കരച്ചിലിന്റെ അകമ്പടിയോടെ മൂര്‍ച്ചയേറിയ കുറെ വാക്കുകള്‍ കൂടി പുറത്തുവന്നപ്പോ ചിത്രം വ്യക്തമായി കൊച്ചുമോന്റെ അമ്മയാണ്.കൊച്ചുമോന്‍ ഇന്നലെ ഒളിച്ചുപോയിരിക്കുന്നു.ബിജിടീച്ചറും ഓമനടീച്ചറും ചേര്‍ന്ന്കോപാക്രാന്തയായ ആ മാതൃഹൃ ദയത്തെഏറെക്കുറെ ശാന്തയാക്കി.അപ്പോഴേക്കും .പൂതപ്പാട്ടിലെ പൂതത്തെപ്പേലെ ഞാന്‍ സറണ്ടറായി നില്‍ക്കുകയാണ്.അരമണിക്കൂര്‍ നേരത്തെ വൈബ്രേഷനു ശേഷം ,ചാര്‍ജുപോയ മൊബൈല്‍ പോലെ കൊച്ചുമോന്റെ അമ്മ ശാന്തയായി.ഞാന്‍ പറഞ്ഞു ചേടത്തി..നമുക്ക് എട്ടു നോമ്പെടുത്ത് മണര്‍കാട്പള്ളീല്‍ പോകാം.എന്താണെങ്കിലും ഞങ്ങടെ നേര്‍ച്ച ഫലിച്ചു.മൂന്നാം ദിവസം കൊച്ചുമോന്‍ തിരിച്ചെത്തി......

വിഷമവൃത്തം

ഒരു വ്യാഴവട്ടക്കാലം  മുമ്പു നടന്ന സംഭവമാണ്.മലയാളസാഹിത്യത്തില്‍ ഒരു ബി.എഡ്.പരീക്ഷ പാസായി നില്‍ക്കുന്ന കാലം.മരണചിട്ടി ഏജന്റായും(എല്‍.ഐ.സി)ഏപ്രില്‍ മെയ്മാസങ്ങളില്‍ അങ്ങു കൂര്‍ക്കിലെ കൊടകന്റെ കുരുമുളകുപറിച്ചും ഇടയ്ക്കിടയ്ക്കു വിപ്ലവപാര്‍ട്ടിയുടെ ജാഥയ്ക്കു പോയും സുഭിക്ഷമായി കഴിഞ്ഞുകൂടുന്ന സമയേ..ഹൈറേഞ്ചിലെ പ്രശസ്തമായൊരു നിര്‍അംഗീകാര പള്ളിക്കൂ ടത്തില്‍(അണ്‍ എയ്ഡഡ്) നിന്നും അറുന്നൂറ് ക .ശമ്പളത്തില്‍ അധ്യാപകജോലി ചെയ്യുവാനുള്ള വിളി വന്നു.അതുവരെയുണ്ടായിരുന്ന സര്‍വ്വമാനജ്വാലികളും പൂര്‍വ്വാശ്രമത്തിലേയ്ക്കുതള്ളി അധ്യാപകവൃത്തി പൂവുകയും ചെയ്തു.മാഷായതോടെ സമൂലമൊന്നു പരിഷ്ക്കരിച്ചു.പണ്ടുതൊട്ടെയുള്ള മുണ്ട്,കൗപീന്‍ തുടങ്ങിയ നാടന്‍ വേഷമൊക്കെ മാറ്റി പാന്റ്,ഫുള്‍കൈഷര്‍ട്ട് ഇത്യാദിയൗക്കെ ധരിച്ചു.കൂടാതെ മുഖകമലത്തില്‍ വളര്‍ത്തിയിരുന്ന നാലുംമൂന്നുമേഴുപൂടയാല്‍ സമ്പന്നമായഊശാന്‍  താടിയൊക്കെ കളാശിനി പ്രയോഗത്താല്‍ കളഞ്ഞ് പറ്റുന്ന പോലെ സുന്ദരനായാണ് മാഷവതാരം നടത്തിയത്. കുറെ പുസ്തകങ്ങളൊക്കെ വായിച്ചതിന്റെ പിന്‍ബലത്താല്‍ കുട്ടികളെ പരമാവധി പഠിപ്പിക്കാനുള്ള ത്രില്ലിലാണ്.പുതിയമാഷിന്റെ ക്ലാസ് കുട്ടികള്‍ക്കൊക്കെ ഇഷ്ടപ്

അയ്യപ്പന്‍

ഇമേജ്
രാജവീഥികള്‍ മുറിച്ചുകടന്ന് പുറമ്പോക്കിലെ കാഞ്ഞിരച്ചുവട്ടില്‍ ഉടുമുണ്ടുപേക്ഷിച്ച തഥാഗതന്‍ അകാലത്തിലനാഥരുടെ ജരാനരകളേറ്റുവാങ്ങിയ പുരു. കൂടും ചില്ലയും തകര്‍ന്ന കിളിയുടെ കാമുകന്‍ സുരാപാത്രത്തില്‍ കവിതയും കാകോളവും ചേര്‍ത്ത് ഛന്ദസ്സറ്റവരുടെ ദാഹം കെടുത്തിയവന്‍ പൂവിനെ മറന്ന് മുള്ളിനെ കാമിച്ച അവധൂതന്‍ കറുത്തപ്രണയത്തിന്റെ വളമിട്ട് ഹൃദയത്തില്‍ ഒരു പൂച്ചെടി നട്ടവന്‍

പ്രാഞ്ചിയേട്ടന് ഒരു കത്ത്

ഇമേജ്
പ്രിയപ്പെട്ട പ്രാഞ്ചിയേട്ടന്, കട്ടപ്പന സന്തോഷില്‍ ആദ്യ ഷോ കണ്ടെങ്കിലും കത്തെഴുതാന്‍ താമസിച്ചു.അല്ലെങ്കിലും നല്ല കാര്യം ചെയ്യാനും പറയാനും എല്ലാവര്‍ക്കും താമസമാണല്ലോ.താര രാജാക്കന്‍മാര്‍ തിരശീലാ സാമ്രാജ്യം അടക്കി വാഴുന്നു, അവിടെ വരുന്ന യുവകേസരികളെ അരിഞ്ഞു വീഴ്ത്തുന്നു എന്നൊക്കെ കേട്ടപ്പോ എല്ലാ മലയാളത്തുകാരനെയും പോലെ ഞാനും വിശ്വസിച്ചു. വിശ്വാസമാണല്ലോ എല്ലാമെന്ന് ഏതോ മഹാനായ വ്യാപാരി പറഞ്ഞിട്ടുണ്ടല്ലോ.മമ്മൂട്ടി ,മോഹന്‍ലാല്‍ എന്നീ ഗജേന്ദ്രന്‍മാരെ  മാറ്റി നിര്‍ത്തി ചെറു വാല്യക്കാര്‍ക്ക് അങ്ങോട്ടടുക്കാന്‍ പറ്റുമോന്നൊക്കെ കറിയാപ്പിച്ചേട്ടന്റെ ചായക്കടേടെ മുന്നിലെ നമ്മുടെ  കോര്‍ണറിലിരുന്ന് ഡ്രൈവര്‍ ലോനപ്പന്‍ ചേട്ടന്‍ വെച്ചുകാച്ചിയപ്പോ ഞാന്‍ തലയാട്ടി.കാരണം മേപ്പടിയാന്‍ പോസ്റ്ററു നോക്കി കഥ പറയാന്‍ വൈദഗ്ധ്യമുള്ളവനും പ്രേം നസീര്‍ ,എക്സ്ട്രാ നടികള്‍ മുതല്‍പേരെ നേരിട്ടു കണ്ടിട്ടുള്ളവനുമായ ദേഹമാണ്.ടി.യാന്‍ ഇപ്രാവശ്യത്തെ പോസ്റ്ററു നോക്കി ജാതകം കുറിച്ചു.ഇറുക്ക കളസമിട്ടു നില്‍ക്കുന്ന പ്രിയാമണി പെങ്കൊച്ചും മമ്മൂക്കായു മായി മരംചുറ്റിയോട്ടം രണ്ടുമൂന്നിടി- ഇത്രേള്ളു ഇതിന്റെ കഥ ഇതു പൊട്ടും.അല്ലേലും നസീര്‍ പ

വള്ളിനിക്കര്‍....

ഇമേജ്
സീന്‍‍-ഒന്ന്  പ്രഭാതം.പ്രധാനപാത..(വിദൂര ദൃശ്യം) പാതവക്കില്‍ നിശാകുപ്പായ ധാരികളായ സ്ത്രീകള്‍ കുട്ടികളുടെ പുസ്തക സഞ്ചികള്‍ പിടിച്ചുകൊണ്ട് അക്ഷമരായി നില്‍ക്കുന്നു.  തിളങ്ങുന്ന യൂണിഫോം ധരിച്ചിരിക്കുന്ന കുട്ടികളുടെ മുഖത്ത് നിസംഗത. സീന്‍ രണ്ട് . ബ്രേക്കിടുന്ന പള്ളിക്കൂട ശകടം. കുട്ടികളും സഞ്ചികളും അതില്‍ പ്രവേശിക്കുന്നു. സീന്‍‍-മൂന്ന്  വൈകുന്നേരം.ഉടയാത്ത പൊതുവസനം  ധരിച്ച കുട്ടികള്‍ നിസംഗരായി ശകടത്തില്‍ നിന്നിറങ്ങുന്നു സീന്‍-നാല്  black&white  സായാഹ്നം. കുടുക്കുപൊട്ടിയ കുപ്പായമിട്ട കുട്ടികള്‍പുല്ലു വളര്‍ന്നു നില്‍ക്കുന്ന ഇടവഴിയിലൂടെ സന്തോഷത്തോടെ വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്നു. (വിലാപ ഗാനം കേള്‍ക്കുന്നു)   ഓര്‍മ്മയുടെ കോലായില്‍ ഏച്ചുകെട്ടിയ വള്ളികൊണ്ടൊരു   അയ-ഇപ്പോഴും പൊട്ടാതെയുണ്ട്. സംഭവരഹിതമായ  എന്‍റെ ബാല്യകാലത്തിന് നിറം പകര്‍ന്ന.. എന്‍റെയാ വള്ളിനിക്കര്‍ അവിടെയാണ് കിടക്കുന്നത്. ഏലപ്പാറ ചന്തയില്‍ നിന്നും എന്‍റെയപ്പന്‍ പേശിവാങ്ങിയ ഈ ദിവ്യവസനം ഒരു നല്ലകാലമത്രയും എനിക്കു കവചകുണ്ഡലമായി. കുടുക്കിന്‍റെ പാരതന്ത്ര്യമില്ലാത്ത പിറകില്‍ തുളവീണ ആ വസ്ത്രാലങ്കാരത്തിലെ            

മാനവികത മരിക്കരുത്

അക്ഷരമെഴുതി പഠിപ്പിച്ച കരങ്ങള്‍ മുറിക്കപ്പെടുമ്പോള്‍ മുറിയുന്നത് സാക്ഷരകേരളത്തിന്റെ ഹൃദയമാണ്. നമ്മുടെ സംസ്കൃതിയുടെ ശിരസ്സിലാണ് മുറിവേല്‍ക്കുന്നത്. മനുഷ്യത്വവും മതേതരത്വവും ഒന്നാണെന്ന് നാമറിയുക.

പൊതുനിരത്തുകളിലെ പൊതുയോഗങ്ങള്‍

പൊതുനിരത്തുകളിലെ പൊതുയോഗങ്ങള്‍ ഒരിക്കലും പൊതുജനങ്ങളുടെ താല്പര്യപ്രകാരമുള്ളതല്ല.നേതൃവേഷം ധരിച്ച് ഉപജീവനം നടത്തുന്നവരും സ്വന്തം ശബ്ദത്തില്‍ ആത്മരതിയടയുന്നവരുമായ ഒരു ചെറിയ വിഭാഗം ആളുകളാണ് സാധാരണ ജനമെന്ന് വിശേഷിക്കപ്പെടുന്ന പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിനുമേല്‍ ശബ്ദവും തിരക്കും തടസവും സൃഷ്ടിച്ച് മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്. യോഗങ്ങള്‍ നടത്തുവാന്‍ പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയി ക്കേണ്ടതുണ്ട്.അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആളുകള്‍ അവിടെ മാത്രം യോഗം കൂടട്ടെ.സ്വാതന്ത്ര്യ സമരത്തിനു ശേഷം എല്ലാ വിഭാഗം ജനങ്ങള്‍ക്കും താല്പര്യമുള്ള വിഷയങ്ങളില്‍ ഇവിടെ സമരങ്ങള ുണ്ടാ യിട്ടില്ല.കുറെപ്പേരുടെ അവകാശസമരം മറ്റുചിലരുടെ അവകാശധ്വംസന മായേക്കാമെന്ന ദുര്ോഗം എല്ലാ അവകാശസമരങ്ങളിലുമുണ്ട്. അവനവനാത്മ സുഖത്തിനാചരിക്കുന്നവ മറ്റുള്ളവരുടെ ദുഖത്തിനു കാരണമാകാതെ ശ്രദ്ധിക്കേണ്ടത് നേതാക്കളുടെ കടമയല്ലേ. പൊതുനിരത്തുകളില്‍ ഉച്ചഭാഷിണി കെട്ടി കുറ്റാരോപണത്തിന്‍റെ വുവുസലേ മുഴക്കുന്നവരേ നിങ്ങള്‍ മൈതാനങ്ങളില്‍ പോയി നന്നായി പ്രസംഗിക്കു ഞങ്ങള്‍ കേള്‍ക്കാന്‍ വരാം.