സുഹൃത്തിന്


ലഹരി വസ്തുക്കള്‍ക്ക് അടിപ്പെട്ട് യാത്രയായ സുഹൃത്തിന്
ഒരുമിച്ചു നമ്മളാ വിദ്യാലയത്തിന്‍റെ-
പടികളിലാദ്യമായ് പിച്ചവച്ചു
മാമ്പുമണക്കുന്ന ബാല്യദിനങ്ങളില്‍
പാഥേയമൊരുമിച്ചു പങ്കുവച്ചു.
തുമ്പികള്‍ പാറുന്ന നല്ല കാലത്തിന്‍റെ
വിസ്മയമൊക്കെയും സ്വന്തമാക്കി.
ആദ്യാക്ഷരത്തിന്‍റെയമൃതവും
അന്നത്തെ ഗുരുവരരരുളിയ മൊഴികളും
സ്നേഹവും
ഹൃദയാന്തരങ്ങളില്‍ മായൂരപിഞ്ഛമായ്
ഒക്കെയും നമ്മളൊളിച്ചു വച്ചു
അറിവിന്‍റെ അഗ്നിയില്‍ തപം ചെയ്ത്
ത്യാഗതീര്‍ത്ഥങ്ങളില്‍ സ്നാനം കഴിച്ച്
നാടിന്‍റെ വീടിന്‍റെ വിദ്യാലയത്തിന്‍റെ
സുകൃതമായ്ത്തീര്‍ന്നൊരിരു താരകള്‍ നമ്മള്‍
സ്നേഹിതാ.....
ഹൃദയനൂലുകള്‍ പൊട്ടിച്ചെറിഞ്ഞു നീ
നന്മകള്‍ പൂത്തവനികയുമെരിച്ചു നീ
ആത്മബന്ധത്തിന്‍റെ രാഖിയുമഴിച്ചു നീ
പൊയ്മുഖ വേതാളനൃത്ത രൂപങ്ങളില്‍
മാസ്മരലഖരിതന്‍ പ്രചണ്ഡവേഗങ്ങളില്‍
നിന്‍ സ്വത്വമുടച്ചു തീര്‍ത്തതീ മാറാലയല്ലോ.

അഭിപ്രായങ്ങള്‍

ശ്രീ പറഞ്ഞു…
ദു:ഖത്തില്‍ പങ്കു ചേരുന്നു...
ബഷീർ പറഞ്ഞു…
വഴിതെറ്റിപ്പോകുന്ന യുവത്വം .വഴിതെറ്റിക്കാനേറെ വലകളുമായി കൂടുന്നവരെ തിരിച്ചറിയാതെ പോകുന്നു. ദു:ഖത്തിൽ പങ്ക് ചേരുന്നു.
ഈ വഴിപോക്കനോട് മിണ്ടിയവര്‍ക്ക് നന്ദി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

അയ്യപ്പന്‍

മാനവികത മരിക്കരുത്