പ്രാഞ്ചിയേട്ടന് ഒരു കത്ത്

പ്രിയപ്പെട്ട പ്രാഞ്ചിയേട്ടന്,
കട്ടപ്പന സന്തോഷില്‍ ആദ്യ ഷോ കണ്ടെങ്കിലും കത്തെഴുതാന്‍ താമസിച്ചു.അല്ലെങ്കിലും നല്ല കാര്യം
ചെയ്യാനും പറയാനും എല്ലാവര്‍ക്കും താമസമാണല്ലോ.താര രാജാക്കന്‍മാര്‍ തിരശീലാ സാമ്രാജ്യം
അടക്കി വാഴുന്നു, അവിടെ വരുന്ന യുവകേസരികളെ അരിഞ്ഞു വീഴ്ത്തുന്നു എന്നൊക്കെ കേട്ടപ്പോ
എല്ലാ മലയാളത്തുകാരനെയും പോലെ ഞാനും വിശ്വസിച്ചു. വിശ്വാസമാണല്ലോ എല്ലാമെന്ന് ഏതോ മഹാനായ വ്യാപാരി പറഞ്ഞിട്ടുണ്ടല്ലോ.മമ്മൂട്ടി ,മോഹന്‍ലാല്‍ എന്നീ ഗജേന്ദ്രന്‍മാരെ  മാറ്റി നിര്‍ത്തി ചെറു വാല്യക്കാര്‍ക്ക് അങ്ങോട്ടടുക്കാന്‍ പറ്റുമോന്നൊക്കെ കറിയാപ്പിച്ചേട്ടന്റെ ചായക്കടേടെ മുന്നിലെ നമ്മുടെ  കോര്‍ണറിലിരുന്ന് ഡ്രൈവര്‍ ലോനപ്പന്‍ ചേട്ടന്‍ വെച്ചുകാച്ചിയപ്പോ ഞാന്‍ തലയാട്ടി.കാരണം മേപ്പടിയാന്‍ പോസ്റ്ററു നോക്കി കഥ പറയാന്‍ വൈദഗ്ധ്യമുള്ളവനും പ്രേം നസീര്‍ ,എക്സ്ട്രാ നടികള്‍ മുതല്‍പേരെ നേരിട്ടു കണ്ടിട്ടുള്ളവനുമായ ദേഹമാണ്.ടി.യാന്‍ ഇപ്രാവശ്യത്തെ പോസ്റ്ററു നോക്കി ജാതകം കുറിച്ചു.ഇറുക്ക കളസമിട്ടു നില്‍ക്കുന്ന പ്രിയാമണി പെങ്കൊച്ചും മമ്മൂക്കായു
മായി മരംചുറ്റിയോട്ടം രണ്ടുമൂന്നിടി- ഇത്രേള്ളു ഇതിന്റെ കഥ ഇതു പൊട്ടും.അല്ലേലും നസീര്‍ പോയേപ്പിന്നെ ഇതാരെടുത്താലും ശരിയാവില്ല.ഓപ്പണ്‍ ഫോറത്തിലെ സ്ഥിരാംഗങ്ങളെല്ലാം പ്രമേയം അംഗീകരിച്ചതിനാല്‍ വാദപ്രതിവാദങ്ങളില്ലാതെ ഞങ്ങള്‍ പിരിഞ്ഞു.
                         എന്താണെങ്കിലും എന്റെ ഫ്രാഞ്ചിയേട്ടാ ,ഞാനൊന്ന് പോയി നോക്കാമെന്നു കരുതി
അങ്ങേ ഓര്‍ത്തല്ല ര‍ഞ്ജിത്തിനെ യോര്‍ത്ത്അദ്ദേഹം ചെയ്തുവച്ച തിരക്കഥ,യും കൈയൊപ്പും മനസ്സീന്ന് ഡിലീറ്റ് ചെയ്യാന്‍ ഇതു വരെ പറ്റണില്ലല്ലോ.ലോനപ്പന്‍ചേട്ടനും ക്രൂവും അറിയാതെ ഞാനും
പുതുപ്പറമ്പിലെ ജേക്കബ്ബ് ആശാനുംകൂടി സന്തോഷ് ടാക്കീസില്‍ കയറിപ്പറ്റി.എന്തായിപ്പാ പറയുക എന്റെ സ്ളാങ് മാറിപ്പോയിഷ്ടാ. ഗംഭീരം.അടുത്തകാലത്ത് മലയാളത്തില്‍ പിറന്ന തകര്‍പ്പന്‍ ചിത്രം.
                സംവിധാനകലയിലെ മികവ് രഞ്ജിത്ത്ഒന്നുകൂടി തെളിയിക്കുകയാണ്.കഥപറയലിലെ വ്യത്യസ്തമായ ശൈലിയാണ് ഈ അഭ്രകാവ്യത്തെ ഹൃദയത്തോട് അടുപ്പിക്കുന്നത്.ആദ്യമായി ഫ്രാന്‍സീസു പുണ്യാളനെ അള്‍ത്താരയില്‍ നിന്നിറക്കി മനുഷ്യരൂപം നല്‍കിയപ്പോ ഇതു കത്തോലിക്കരെ ആക്ഷേപിക്കാനാണോയെന്ന് എന്നിലെ മൗലികവാദി ഒന്നു ഞരങ്ങി.അടുത്തിരിക്കുന്ന ജേക്കബ് ആശാന്‍ എന്റെ കൈയിലൊന്നമര്‍ത്തി.എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ അറിഞ്ഞു-ഇത് മനുഷ്യ നന്മയുടെ സങ്കീര്‍ത്തനമാണ്.എല്ലാവരെയും വിശുദ്ധരാക്കുന്ന മാന്ത്രികസ്പര്‍ശം.
                      ഫ്രാഞ്ചിയേട്ടന്റെ കഥ ഞാനൊന്ന് ഓര്‍ത്തു നോക്കട്ടെ.ശ്മശാനത്തിലുറങ്ങുന്ന കാര്‍ന്നോമ്മാരുടെ അനുഗ്രഹം വാങ്ങി പള്ളിയിലേക്കു കയറുന്ന ഫ്രാന്‍സീസ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഫ്രാന്‍സീസ് പുണ്യാളന്‍ മനുഷ്യനിര്‍മ്മിതമായ രൂപത്തില്‍ നിന്നിറങ്ങി സൗഹൃദ സംഭാഷണത്തിലേര്‍പ്പെടുന്നതോടെ കഥ ആരംഭിക്കുകയായി.അല്ല അരി ഫ്രാഞ്ചി കഥ പറയുകയായി.പ്രൈമറി സ്കൂളിലെ മാഷ് ഫ്രാന്‍സീസിന് അരിഫ്രാഞ്ചിയെന്ന അപരനാമം ചാര്‍ത്തികൊടുക്കുന്നത്.സഹപാഠി ഓമനയുമായുള്ള ബന്ധം കൂട്ടുകാരന്‍ തകര്‍ക്കുന്നത്.വര്‍ഷങ്ങള്‍ക്കുശേഷം അവന്‍ തന്നെ ഓമനയെ സ്വന്തമാക്കുന്നത്.ഇതിനിടെ പത്താംതരം പാസാകാതെ വ്യാപാരത്തില്‍ വന്‍ വിജയങ്ങള്‍ നേടുന്നത്..സമ്പത്തിനൊപ്പം പേരെടുക്കാനായി കഥാനായകനും കൂട്ടുകാരും നടത്തുന്ന വിഫലശ്രമങ്ങള്‍.അതോടൊപ്പം സ്വഭാവത്തിന്റെ ഭാഗമായി മാറിയ സാധുജനസേവനം.പത്താംതരത്തില്‍ പഠിക്കുന്ന ഒരു കുട്ടി
ജീവിതത്തിലേയ്ക്കു കടന്നു വരുന്നത്.അവന്‍ പത്തില്‍ തോല്‍ക്കുന്നതോടെ ഗതിമാറുന്നത്.
ഇതിന്റെയിടയ്ക്കു കടന്നു വരുന്ന പത്മശ്രീ അങ്ങനെ സംഭവബഹുലമായ ഒരു ജീവിതത്തിന്റെ
ഭാഗമായി കാണികള്‍ മാറുന്നു.
                          ഫ്രാഞ്ചിയേട്ടാ ഞാനൊന്ന് മാറ്റി ചവിട്ടാന്‍ പോകുകയാണ്.ഇനിയുള്ള ഭാഗം കീറി ഏതെങ്കിലും തീയേറ്ററിന്‍റെ മുറ്റത്തിട്ടേരെ.സിനിമയുടെ തുടക്കത്തില്‍ കല്ലറകളില്‍ നിന്നും പുറത്തുവന്നിരുന്നു സംസാരിക്കുന്ന പരേതാത്മാക്കളെ കാണുമ്പോള്‍ മുതല്‍ പ്രേക്ഷകന്റെ മനസില്‍ മൊട്ടിടുന്ന വിസ്മയം ചുണ്ടുകളില്‍ വിരിയാന്‍ തുടങ്ങുന്ന പുഞ്ചിരി ഈ അഭ്രകാവ്യം അവസാനിക്കുന്നതു വരെ മായുന്നില്ല എന്നതാണ് ഫ്രാഞ്ചിയേട്ടന്‍&The saint-ന്റെ പ്രത്യേകത.
                                ആക്ഷേപഹാസ്യത്തിന്റെ കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ തണ്ടില്‍ വിരിയുന്നത് കൈയടക്കത്തിന്റെയും അഭിനയതികവിന്റെയും ഇതളുകളുള്ള പനിനീര്‍പൂവുതന്നെ. സമകാലിക
സമൂഹത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന ഈ ചലച്ചിത്രത്തിലൂടെ വിദ്യാഭ്യാസമേഖലയിലും
സാമൂഹ്യ-സാംസ്കാരികമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തമായ ചില ഉള്‍കാഴ്ചകള്‍
നല്‍കിയാണ് രഞ്തിത്ത് കടന്നു പോകുന്നത്. സംഭാഷണങ്ങളിലെ ചടുലത ദൃശ്യവിന്യാസങ്ങളിലെ
സൂഷ്മത ഇതൊക്കെ ശ്രദ്ധേയമായി. അഭിനയതികവാണീ ചിത്രത്തിനെ ഏറെ ആകര്‍ഷകമാക്കുന്നത്. മമ്മൂട്ടി ചിറമേല്‍ഫ്രാഞ്ചിയിയിലേയ്ക്കു നടത്തുന്ന പരകായപ്രവേശം
നമ്മെ അമ്പരപ്പിക്കുന്നു.ചലനത്തില്‍,രൂപഭാവങ്ങളില്‍, സംഭാഷണത്തില്‍ അദ്ദേഹം മറ്റാര്‍ക്കും
എത്താനാവാത്ത ഉയരങ്ങളിലാണ്.
                                    ഇന്നസെന്റിനെഎത്രമാത്രം സമര്‍ത്ഥമായി ഉപയോഗിക്കാമെന്നീ ചിത്രം തെളിയിക്കുന്നു.ഭാവപ്രകടനങ്ങളില്‍ ഈ അതുല്യ നടന്‍ ചില അവസരങ്ങളിലെല്ലാം നായകനെ
ബഹുദൂരം പിന്നിലാക്കുന്നുമുണ്ട്.രണ്ടു സീനുകളിലായി ബിജുമേനോന്‍ ചെയ്ത കഥാപാത്രം
ഗംഭീരമായി നിറയുകയാണ്.ജയിലില്‍ വച്ച് തന്റെ മകനെ കാണുമ്പോള്‍ എല്ലാ വികാരങ്ങളും
ഉള്ളിലൊതുക്കിയുള്ള പൊട്ടിക്കരച്ചില്‍ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ അതുല്യമായ സീന്‍ തന്നെ.സിദ്ധിഖ്,പ്രിയാമണി,ഖുശ്ബു,ഗണപതി തുടങ്ങിയവരൊക്കെ കാണികളെ ഒട്ടും നിരാശരാക്കുന്നില്ല.
                              രഞ്ജിത്ത് മലയാളത്തിന്റെ സുകൃതമായി മാറുകയാണ്.ഭരതനും പത്മരാജനുമൊക്കെ നട്ട മരങ്ങള്‍ വീണ്ടും പുഷ്പിക്കുന്നു. ഇത് പൂക്കാലമാണ്.മനുഷ്യനന്മയുടെ പൂക്കാലം.

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
മാഷേ,..സിനിമ കണ്ടു.നന്നായിട്ടുണ്ട്.
poor-me/പാവം-ഞാന്‍ പറഞ്ഞു…
വേറെ ചിലർ തികച്ചും വ്യത്യസ്തമായി എഴുതിയത്കൊണ്ട് ഞാൻ കൺഫൂഷ്യസ് ആയി...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

അയ്യപ്പന്‍

മാനവികത മരിക്കരുത്